Tuesday, 5 January 2016

സീറോ മലബാർ സഭാ മക്കളുടെ ദെനഹാ തിരുനാൾ ആഘോഷം
ദെനഹാ എന്ന സുറിയാനി വാക്കിന്റെ അർഥം ഉദയം, പ്രകാശം എന്നൊക്കെയാണ്. മിശിഹായുടെ മനുഷ്യത്വൊത്തിൽ പരിശുദ്ധ ത്രിത്വൊം പ്രകാശിതമാകുന്നു. അത് സംഭവിച്ചതോ നമ്മുടെ കർത്താവീശോ മിശിഹായുടെ യോർദ്ദാനിലെ മാമോദീസായിലും. മിശിഹാ യോർദ്ദാൻ നദിയിൽ ഇറങ്ങി ജലത്താൽ ഉള്ള മാമോദീസാ സ്വീകരിച്ചതിനെ അനുസ്മരിച്ചു കൊണ്ട് ദെനഹാ തിരുന്നാളിൽ ആഖോഷമായ റംശാ നമസ്കാരത്തിനു ശേഷം സങ്കീർത്തനങ്ങൾ ആലപിച്ചുകൊണ്ട് കുളത്തിലോ മറ്റെതെങ്കിലും ജലാശയത്തിലോ ഇറങ്ങി ആചാരക്കുളി , ( രാക്കുളി പെരുന്നാൾ ) നടത്തുന്ന പതിവ് നമുക്കിടയിൽ ഉണ്ടായിരുന്നു . പാലായിലെ രാക്കുളി പെരുന്നാൾ ഇന്നും നസ്രാനികൾക്കിടയിൽ പ്രശസ്തം ആണല്ലോ . മിശിഹാ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് ഉദ്ഖോഷിക്കുന്ന പിണ്ടി പെരുന്നാൾ എന്ന ആഖോഷമാണ് സഭയിൽ ഉടനീളം പ്രചാരത്തിൽ വന്നതും ഇന്നും വ്യാപകമായി നിലവിൽ ഉള്ളതുമായ ആഘോഷം . ഈ ആധുനിക കാലത്തും മാതൃകാ നസ്രാണി പള്ളികളിലും ഭവനങ്ങളിലും യാമ പ്രാർത്ഥനയോടു ബന്ധപ്പെടുത്തി ഈ ആഘോഷം നടത്തുന്നത് നസ്രാണി സഭയുടെ പൈതൃക സംരക്ഷണത്തിനു മികച്ച ഒരു ഉദാഹരണം തന്നെ ആണ് . ജനുവരി അഞ്ചാം തിയതി നസ്രാണികൾ റംശായിക്ക് മുമ്പായി തന്നെ മനോഹരമായി ദീപാലങ്കാരം നടത്തുന്നു . ഏകദേശം അഞ്ചു അടിയോളം നീളമുള്ള വാഴ പിണ്ടി അതിന്റെ പുറം പോളകൾ നീക്കി ഭംഗിയാക്കിയ ശേഷം പള്ളിയിലോ വീടിന്റെയോ മുറ്റത്ത് നന്നായി ഉറപ്പിക്കുക. ആ പിണ്ടിയിൽ മണചിരാതുകളോ തിരികളോ സജ്ജീകരിക്കണം . പിണ്ടിയുടെ മുകളിൽ മധ്യത്തിൽ ആയി ഉയർത്തെഴുന്നേറ്റ ഈശോ മിശിഹായുടെ പ്രതീകമായ മാർ തോമാ സ്ലീവാ സ്ഥാപിക്കണം . സ്ലീവായുടെ ചുറ്റിലുമുള്ള മൂന്നു തിരികൾ കാർമ്മികന് കത്തിക്കാനായി ക്രിമീകരിചിരിക്കണം. മൻചിരാതുകൾ കൊണ്ടോ തിരികൾ കൊണ്ടോ പള്ളിയും വീടും പരിസരവും ഉചിതമായി അലങ്കരിക്കുന്നു . ഈ ആഘോഷം എല്ലാം തന്നെയും ഭക്തിയോടെ അർപ്പിക്കുന്ന സന്ധ്യാ പ്രാർത്ഥന അഥവാ റംശായോട് ചേർത്തായിരിക്കണം നടത്തേണ്ടത് .
സാധിക്കുന്നവർ എല്ലാവരും പള്ളിയിലെ ചടങ്ങിൽ ഭക്തിപൂർവ്വം പങ്കു ചേരുന്നു . ശേഷം വീടുകളിലും ആഖോഷിക്കുന്നു . പളളിയിൽ നിന്ന് വന്ന ശേഷം കുടുംബ നാഥൻ പ്രാർത്ഥന മുറിയിലെ കെടാ വിളക്കിൽ നിന്നും ദീപം പകർന്ന് കുടുംബാങ്ങൾക്ക് ഒപ്പം പ്രദക്ഷിണ ഗീതം ( എൽ പയ്യാ ഗീതം ) ആലപിച്ചുകൊണ്ട് പിണ്ടിയിലും ശേഷം പരിസരങ്ങളിലും ഉള്ള ദീപങ്ങൾ തെളിക്കുന്നു.
ലോകത്തിന്റെ പ്രകാശമായ ഈശോയുടെ ദെനഹാ തിരുന്നാളിൽ നമ്മുടെ മനവും ഹൃദയവും വീടുകളും സ്ഥാപനങ്ങളും പള്ളിയും പ്രകാശിതമാക്കുന്ന എന്നത് തികച്ചും യുക്തമാണ് .